Tuesday, August 19, 2014

ഗുണ്ടല്‍പേട്ട് - ഗോപാലസ്വാമി ബെട്ട യാത്ര



സൂര്യകാന്തിപ്പൂകളെ കാണണം എന്ന് മോഹവുമായി യാത്ര തിരിച്ചത് ഗുണ്ടല്‍പേട്ടിലേക്ക്, അവസാനം എത്തിപ്പെട്ടത്  നീലഗിരിയുടെ റാണി ഊട്ടിയുടെ പാദാര വൃന്ദങ്ങളില്‍. ഊട്ടി യാത്ര മറ്റൊരു പോസ്റ്റില്‍ പറയാം.

ബാംഗ്ലൂരില്‍ നിന്ന് അതിരാവിലെ അഞ്ചു മണിക്ക് ഞങ്ങള്‍ യാത്ര തിരിച്ചു, സിറ്റി കഴിയുന്നത്‌ വരെ കുറച്ചു തിരക്കുണ്ടായിരുന്നു. ഏഴു മണിയായപ്പോള്‍ തന്നെ നല്ല വിശപ്പ് തുടങ്ങിയിരുന്നു,  അങ്ങനെ പെട്ടെന്ന് കമ്മത്ത് കണ്ടു, പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല, വണ്ടി അവിടെ സ്ടോപ്പ് ചെയ്തു. ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞു വീണ്ടും യാത്ര തുടര്‍ന്നു, മൈസൂരും കടന്നു ഗുണ്ടല്പെട്ട് റോഡില്‍, സൂര്യകാന്തിപ്പൂക്കളെ സ്വപ്നം കണ്ടു മുന്നോട്ടു നീങ്ങി.


പക്ഷെ, കരിഞ്ഞു തുടങ്ങിയ സൂര്യകാന്തിപ്പാടങ്ങള്‍ ആണ് ഞങ്ങള്‍ക്ക് വേണ്ടി ഗുണ്ടല്‍പെട്ട് കാത്തിരുന്നത്, എന്നിട്ടും പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങി, എവിടെ എങ്കിലും ഒരു പാടം എങ്കിലും ബാക്കി ഉണ്ടാവും എന്ന ചിന്തയോടെ, ടൌണ്‍ കഴിഞ്ഞിട്ടും കരിഞ്ഞ പ്പൂക്കള്‍ നിറഞ്ഞ പാടങ്ങളെ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞുള്ളൂ.


ഗുണ്ടല്പെട്ട് ടൌണ്‍ കഴിഞ്ഞാണ് ഗോപാലസ്വാമി ബെട്ട, അവിടെയുള്ള പുരാതന അമ്പലം കാണാന്‍ പോകാമെന്ന് വച്ചു. ഗുണ്ടല്പെട്ട് - ബന്ധിപ്പൂര്‍ റോഡില്‍ നിന്നും ഏകദേശം പതിനൊന്നു കിലോമീറ്റര്‍ ദൂരത്ത്‌ ഒരു മലയുടെ മുകളില്‍ ആണ് ഈ അമ്പലം. വഴിയൊന്നും തെറ്റില്ല, ഗുണ്ടല്‍പേട്ട് റോഡിന്റെ വലതു ഭാഗത്തായി വലിയൊരു ആര്‍ച്ച് അമ്പലത്തിന്റെ വഴി കാണിക്കാനായി നില്‍ക്കുനുണ്ട്. അത് വഴി നേരെ പോയാല്‍ മതി. ഇരു വശത്തും കരിഞ്ഞുങ്ങങ്ങിയ സൂര്യകാന്തി പാടം, ഇടയ്ക്കിടെ ചില പൂക്കള്‍ കരിയാതെ നില്‍ക്കുനുണ്ട്.



ഗോപാലസ്വാമി ബെട്ടയുടെ താഴ്വാരത്ത് വണ്ടി പാര്‍ക്ക് ചെയ്തു പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വണ്ടിയില്‍ ആണ് ഇനിയുള്ള യാത്ര, പ്രൈവറ്റ് വാഹനങ്ങള്‍ക്കു മലമുകളില്‍ പോകാനുള്ള അനുമതിയില്ല, മുന്നേ മലമുകള്‍ വരെ സ്വന്തം വാഹനങ്ങളില്‍ പോകാമായിരുന്നു.



വീതി കുറഞ്ഞ മോശം റോഡാണ്, ബസില്‍ ഇരുന്നു ചുറ്റും ഉള്ള കാഴ്ചകള്‍ കണ്ടു, ചുറ്റും മരങ്ങള്‍ നിറഞ്ഞ കുന്നുകളും മലകളും കാണാം. അമ്പലത്തില്‍ എത്തിയപ്പോഴേക്കും നീണ്ടൊരു ക്യു കണ്ണില്‍പെട്ടു. അമ്പലത്തിന്റെ ഉള്ളില്‍ കയറാനുള്ള ഭക്തജനത്തിരക്കാണ്.


ഞങ്ങള്‍ എന്തായാലും ആ ക്യൂവില്‍ നില്‍ക്കണ്ട എന്ന് കരുതി, ചുറ്റും ഉള്ള മലയും കുന്നും ക്യാമറയില്‍ ആക്കാന്‍ ശ്രമിച്ചു. വീരപ്പന്‍ വന്നു കൊണ്ടിരുന്ന അമ്പലം ആണത്രേ ഇത്. വീണ്ടും വിശപ്പ്‌ പിടി മുറുക്കി, ഭക്ഷണം ഒന്നും ഇവിടെ നിന്ന് കിട്ടില്ല, അവസാനം അമ്പലത്തിന്റെ വക ഭക്ഷണം കഴിച്ചു തൃപ്തിയടയെണ്ടി വന്നു.



തിരിച്ചു ബസില്‍ കയറി വീണ്ടും താഴേക്കു, ഇടയ്ക്കിടെ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്യുനുണ്ടായിരുന്നു, താഴ്വാരത്ത് നിന്നും കുറച്ചു പടങ്ങള്‍ കൂടി ക്ലിക്കി, ജമന്തി പൂപ്പാടങ്ങള്‍ ആയിരുന്നു ചുറ്റും, വീടുകള്‍ അധികം ഇല്ല.
എന്തായാലും കരിഞ്ഞ സൂര്യകാന്തി പാടങ്ങളില്‍ ഇടയ്ക്കിടെ നിന്ന രണ്ടു മൂന്ന് പൂക്കളുടെ കരിയാത്ത പടങ്ങള്‍ എടുക്കാന്‍ കഴിഞ്ഞു.


ഗോപാലസ്വാമി ബെട്ടയെ കുറിച്ച് ചില കാര്യങ്ങള്‍

ബെട്ട എന്നാല്‍ മല , കുന്നു എന്നൊക്കെയാണ് അര്‍ഥം, ബന്ദിപ്പൂരിലെ ഏറ്റവും ഉയര്‍ന്ന കൊടിമുടിആണ് ഈ ഗോപാലസ്വാമി ബെട്ട. രാവിലെ എട്ടര മുതല്‍ വൈകുന്നേരം നാല് മണി വരെ ആണ് മലക്ക് മുകളിലേക്ക് പോകാന്‍ അനുവാദം ഉള്ളത്. മുകളില്‍ ഭക്ഷണം കിട്ടില്ല, അത് കൊണ്ട് തന്നെ ഭക്ഷണം ഒക്കെ കഴിച്ചിട്ട് പോകണം, അല്ലെങ്കില്‍ പാക്ക് ചെയ്തു കയ്യില്‍ കരുതണം. മലമുകളില്‍ ഫോറെസ്റ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ ഒരു ഗസ്റ്റ് ഹൌസ് ഉണ്ടെങ്കിലും സാധാരണക്കാരെ അവിടെ താമസിക്കാന്‍ അനുവദിക്കുന്നതല്ല. കേരളം, കര്‍ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ അതിരില്‍ ആണ് ഈ കൊടുമുടി.



ഇത് കഴിഞ്ഞു നേരെ ബന്ദിപ്പൂര്‍ ആണ് പോകാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ആവശ്യത്തിനു പെട്രോളും ഡീസലും ഒക്കെ ഗുണ്ടല്‍പേട്ടില്‍ നിന്ന് തന്നെ നിറച്ചിരിക്കണം, ബന്ദിപ്പൂര്‍ റോഡില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള വ്യവസ്ഥ ഇല്ലെന്നു ഒര്മിക്കുമല്ലോ.

വനത്തിന്റെ ഭാഗം ആയതു കൊണ്ട് തന്നെ പ്ലാസ്റ്റിക്‌ ഒന്നും വഴികളില്‍ ഇടാന്‍ പാടില്ല എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലെന്നു കരുതുന്നു.


 സൂര്യകാന്തി പ്പൂക്കളെ കുറിച്ച് :
August മാസം പ്പൂക്കള്‍ ഒക്കെ കരിഞ്ഞു പോകും എന്ന് മനസിലായി, ജൂലൈ പകുതിക്ക് പോയാല്‍ പൂക്കള്‍ നിറഞ്ഞ പാടങ്ങള്‍ കാണാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു

 Himavad Gopalaswamy Hills
220 km from Bangalore
10 km from Gundalpete
Visitors are allowed from around 8:30 am till 4:00 pm